Wednesday, November 10, 2010

പത്മ അവാര്‍ഡുകള്‍ നിറുത്തലാക്കണം: അഴീക്കോട്‌

പത്മ അവാര്‍ഡ്‌ നിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ ഫൗണ്ടേഷന്‍ രാഷ്‌ട്രപതിക്കു സമര്‍പ്പിക്കുന്ന ഭീമ നിവേദനത്തില്‍ സുകുമാര്‍ അഴീക്കോട്‌ ആദ്യ ഒപ്പ് രേഖപ്പെടുത്തുന്നു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്‌, അഡ്വ. സന്തോഷ്‌ മണര്‍കാട്‌, ജോര്‍ജ്‌ പുളിങ്കാട്‌, ബിനു പെരുമന എന്നിവര്‍ സമീപം.


പാലാ: രാഷ്‌ട്രം പത്മശ്രീപോലുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്‌ നിറുത്തലാക്കണമെന്ന്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടു. പത്മ പുരസ്‌കാരനിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ പാലായില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ പത്മാപുരസ്‌കാരങ്ങള്‍ ഭരണഘടനയുടെ ചൈതന്യത്തിനു ചേര്‍ന്നതാണെന്നു തോന്നുന്നില്ലെന്നു അഴീക്കോട്‌ ചൂണ്ടിക്കാട്ടി. ഇപ്പോഴത്‌ വ്യാപകമായി ദുരുപയോഗിക്കുകയാണ്‌. ആരംഭകാലത്ത്‌ ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലുള്ളവര്‍ക്കാണ്‌ ഭാരത്‌രത്‌ന നല്‍കിയിരുന്നത്‌. പില്‍ക്കാലത്ത്‌ ഭാരത്‌രത്‌ന പോലും ആളുകള്‍ക്ക്‌ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന നിലവന്നു. ഇത്‌ രാജ്യത്തിനുതന്നെ അപമാനമായി തീര്‍ന്നിരിക്കുകയല്ലേയെന്നു അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ ബഹുമാനത്തിനായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരങ്ങള്‍ കുറച്ചുകാലം കഴിയുമ്പോള്‍ ദേശീയ അപമാനമായി മാറുന്ന അവസ്ഥ വരും - അഴീക്കോട്‌ ചൂണ്ടിക്കാട്ടി. ചെറിയ കുട്ടികള്‍ക്കുവരെ പത്മപുരസ്‌കാരങ്ങള്‍ കൊടുക്കുന്നു. ഇത്തരം ബഹുമതികള്‍ക്ക്‌ പബ്ലിക്‌ ഡിസ്‌പ്ലേ പാടില്ല. എന്നാല്‍ ചിലര്‍ ഇതിനെ ആഘോഷങ്ങളായി മാറ്റുകയാണ്‌. പത്മ ലഭിച്ചവരില്‍ ചിലര്‍ അതിന്റെ പേരില്‍ നാടുനീളെ സ്വീകരണങ്ങളേറ്റു വാങ്ങുന്ന കാഴ്‌ചകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്‌.


അഭിനയം നടത്തിയതിന്റെ പേരില്‍ വരെ ഡിലിറ്റുകള്‍ കൊടുക്കുന്ന കാലമാണിന്ന്‌. വൈജ്ഞാനികമായ മഹത്വം കളഞ്ഞാണ്‌ ഡിലിറ്റുകള്‍ നല്‍കുന്നത്‌. ശങ്കരന്റെ പേരിലുള്ള കാലടി സര്‍വ്വകലാശാല ഇത്തരത്തില്‍ തരംതാഴാന്‍ പാടില്ലായിരുന്നു - അഴീക്കോട്‌ പറഞ്ഞു. ഈ സംഭവത്തിനുശേഷം കാലടി


സര്‍വ്വകലാശാലയില്‍ പോയിട്ടില്ല. ഇനി പോകുകയുമില്ല അദ്ദേഹം വ്യക്തമാക്കി. അര്‍ഹതയില്ലാത്തവര്‍ക്ക്‌ കൊടുത്താല്‍ ബഹുമതിയുടെ അഃന്തസ്‌ ചോരും. ബഹുമതികള്‍ ചരിത്രത്തിന്റെ ഭാഗമാണ്‌. ചരിത്രം തിരസ്‌കരിച്ചവര്‍ക്ക്‌ ബഹുമതികള്‍ കിട്ടിയിട്ടും കാര്യമില്ല.


നടന്‍ മോഹന്‍ലാലിനെതിരെ മാനനഷ്‌ടകേസ്‌ കൊടുക്കണോയെന്നു ആലോചിച്ചു വരികയാണെന്നും അഴീക്കോട്‌ പറഞ്ഞു. മതിഭ്രമം ഉണ്ടെന്ന ആക്ഷേപത്തിലൂടെ മാനനഷ്‌ടം ഉണ്ടായത്‌ തനിക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പത്മ അവാര്‍ഡ്‌ നിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ ഫൗണ്ടേഷന്‍ രാഷ്‌ട്രപതിക്കു സമര്‍പ്പിക്കുന്ന ഭീമ നിവേദനത്തില്‍ സുകുമാര്‍ അഴീക്കോട്‌ ആദ്യ ഒപ്പുവച്ചു. ഫൗണ്ടേഷന്‍ മഹാത്മജിയുടെ ജീവിതകഥയെ ആസ്‌പദമാക്കി `മൈഡിയര്‍ ബാപ്പുജി' എന്ന പേരില്‍ തയ്യാറാക്കുന്ന ആനിമേഷന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനകര്‍മ്മവും അഴീക്കോട്‌ നിര്‍വ്വഹിച്ചു.


ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ അധ്യക്ഷത വഹിച്ചു. അഡ്വ. സന്തോഷ്‌ മണര്‍കാട്‌, ജോര്‍ജ്‌ പുളിങ്കാട്‌, ബിനു പെരുമന, സാംജി പഴേപറമ്പില്‍, രതീഷ്‌ പഴയവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.


പത്മ പുരസ്‌കാരനിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പാലായില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഡോ. സുകുമാര്‍ അഴീക്കോട്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്‌, അഡ്വ. സന്തോഷ്‌ മണര്‍കാട്‌, ജോര്‍ജ്‌ പുളിങ്കാട്‌, ബിനു പെരുമന എന്നിവര്‍ സമീപം.

17/10/10

No comments:

Post a Comment